എസ്എൻ സ്വാമി കഥയും തിരക്കഥയും എഴുതി, കെ.മധു സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ 20-ാം നൂറ്റാണ്ട് എന്ന സിനിമയിൽ നായകനായ മോഹൻലാലിൻ്റെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം വില്ലനായ സുരേഷ് ഗോപിയുടെ കഥാപാത്രമായ ശേഖരൻ കുട്ടിയോട് പറയുന്ന ഡയലോഗാണ് തലക്കെട്ടിൽ കൊടുത്തിട്ടുള്ളത്. ഒന്നു വ്യക്തമായി പറഞ്ഞാൽ - "ശേഖരൻ കുട്ടീ, നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു പോകില്ല". എത്രത്തോളം ക്രാന്തദർശികളായിരുന്നു എസ്.എൻ.സ്വാമിയും കെ.മധുവും എന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഉന്നതകുലജാത ഭരണവിവരണം കേട്ടപ്പോൾ ആണ് അതിശയിച്ചു പോയത്. ഈ സുരേഷ് കേന്ദ്ര മന്ത്രിയാകും എന്നൊന്നും അന്നാരും നിരൂപിച്ചിട്ടു പോലും ഉണ്ടാകില്ല. പക്ഷെ എത്ര കൃത്യമായി സ്വാമി ആ ഡയലോഗ് ഇയാൾക്കായി എഴുതി വച്ചു എന്നതാണ് അതിശയകരം. 20-ാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടി ഉന്നതകുലയുള്ള മന്ത്രി പുത്ര കഥാപാത്രമായിരുന്നു. മുഴുത്ത കുല ആയിരുന്നിട്ടും ശേഖരൻ കുട്ടിക്ക് അവാർഡ് ഒന്നും കിട്ടിയില്ല. എന്ത് ഒലക്കേടെ മൂട് കുലയായിരുന്നാലും എന്ത് കുലയുടെ മേന്മ പറഞ്ഞാലും സുരേഷിന് ദേശീയ അവാർഡ് കിട്ടിയത് അത്ര വലിയ ഉന്നതകുലയുള്ള കഥാപാത്രമായി അഭിനയിച്ചിട്ട് ഒന്നുമല്ല എന്നതാണ് വിരോധാഭാസത്തിലെ ആഭാസം. അവാർഡ് കിട്ടിയതാകടെ കണ്ണൻ പെരുമലയൻ എന്ന അത്ര ഉന്നതകുലയൊന്നുമില്ലാത്ത കഥാപാത്രത്തിനാണ്. ബൽറാം മട്ടന്നൂർ തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത് 1997 ൽ പുറത്തിറക്കിയ സിനിമയാണ് കളിയാട്ടം. താഴ്ന്ന ജാതിക്കാരനായി ഉന്നതകുലയുള്ളവർ കരുതിയിരുന്ന ഒരു സമൂഹത്തിൻ്റെ കഥയിലെ കഥാപാത്രമായിരുന്നു കണ്ണൻ പെരുമലയൻ എന്ന് ഉന്നതകുല തിരഞ്ഞ് നടക്കുന്ന ശേഖരൻ കുട്ടിയെന്ന പെറുക്കിത്തരത്തിൻ്റെ ഉസ്താദ് ഓർക്കാത്തത് വിവരമില്ലാത്തതു കൊണ്ട് മാത്രമാണ്. അല്ലേലും ഉന്നതകുലയുള്ള ശേഖരൻ കുട്ടി ഒരു പോങ്ങനാണ് എന്ന് 20-ാം നൂറ്റാണ്ട് കാണുന്ന ആർക്കും അറിയാം.
ഇനി സുരേഷ് ഗോപിയിലേക്ക് വരാം. എന്താണ് ഉന്നതകുലജാതൻ എന്ന വാക്കിൻ്റെ കുഴപ്പം? താഴെത്തട്ടിൽ ഉള്ളവരെ ഉന്നതിയിലേക്കെത്തിക്കാൻ ഉന്നതകുലജാതൻ ഒരു കീഴ്ജാതി വകുപ്പ് ഭരിക്കുന്നത് നല്ലതാണന്ന് മാത്രമല്ലേ പാവം സുരേഷ് ഗോപി പറഞ്ഞത്? ആദി വാസി സമൂഹത്തെ ഹരിജനം (വിഷ്ണുഭഗവാൻ്റെ വംശം) എന്ന് വിളിച്ച മഹാത്മാഗാന്ധിയെ പുഛിക്കുന്ന, ഇന്ത്യൻ ഭരണഘടനയെ സൃഷ്ടിച്ച ഭീം റാവ് റാംജി അംബേദ്കറെ പുഛിക്കുന്ന ഒരു രാഷ്ടീയ തത്വശാസ്ത്രത്തിൻ്റെ ചിഹ്നത്തിൽ ജയിച്ച വാഴക്കുല ആണ് ഇപ്പോൾ ഉന്നതകുലയും തൂക്കി പിന്നാക്കക്കാരനെ രക്ഷിക്കാൻ അടുത്ത ജന്മത്തിൽ പൂണൂലിടുന്ന കുല സ്വപ്നം കണ്ട് നടക്കുന്നത്. സ്വന്തം വംശമഹിമ എന്തെന്ന് ചരിത്രത്തിൽ നിന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവൻ കനകസിംഹാസനത്തിലിരുന്ന് കർക്കിടകത്തിലെ കറുത്തവാവ് ദിവസത്തിൽ ഇരുട്ടുള്ള ചുറ്റുപാടിൽ കറുത്ത കുടപിടിച്ച് കറുത്ത കൂളിങ് ഗ്ലാസ് വച്ചിരുന്ന് താൻ ചൂടിയ കുട സപ്തവർണ്ണ മണെന്ന് അന്ധൻമാരേ പറഞ്ഞു ഫലിപ്പിക്കുന്ന ഗൗരവമാണ് ഈ ഉന്നതകുലമഹാത്മ്യം. ആദ്യം ദ്രാവിഡനാണോ അതോ കുറ്റി പറിച്ചു നടന്ന സങ്കരയിനം ആര്യൻ ജനിതകത്തിൻ്റെ മുളയാണോ എന്ന് പരിശോധിക്കണം. പൗരത്വഭേതഗതി നിയമം നടപ്പിലാക്കാൻ പുറപ്പെടുന്നവർ ആദ്യം അവനവൻ്റെ പൗരത്വം ഉറപ്പിക്കാൻ ജനിതകപരിശോധനയാണ് അടിസ്ഥാനമാക്കേണ്ടത്. അത് പരിശോധിച്ചാൽ പൗരത്വഭേതഗദിവാദികളിൽ 95 ശതമാനവും സൗദി മരുഭൂമിയിലേക്കും ടിബറ്റൻ പീഠഭൂമിയിലേക്കും സൈബീരിയൻ മഞ്ഞുമലകളിലേക്കും താമസം മാറ്റേണ്ടി വരും. ഇന്ത്യ എന്നാൽ ഇൻഡസ് അഥവാ സിന്ധു നദിയുടെ കരയിൽ വിരിഞ്ഞ സമത്വസുന്ദര സംസ്കാരമാണെന്നും സ കാരം വഴങ്ങാത്ത പേർഷ്യക്കാർ സിന്ധു സ്ഥാനേ ഹിന്ദുസ്ഥാൻ എന്ന് വിളിച്ചു വന്നതിനാൽ ദ്രാവിഡൻ ഹിന്ദുവായി അറിയപ്പെട്ടതാണെന്നും യൂണിവേഴ്സിറ്റി ചരിത്ര പഠന ക്ലാസിൻ പോകാത്തവരാണ് ഗോപിയും വരച്ച് സുരേഷ് ഗോപി ഷിറ്റ് പറയുന്ന താരമാക്കി ഉയർത്തിയത്. മൊത്തം ഗോപിയാണ്. കുലയേതായാലും ഗോപിയാകുന്നത് ശൂദ്രത്വം ആണ്. ജാത്യാലല്ല ഒരുവൻ ശൂദ്രനാകുന്നതെന്നും ചിന്തയും പ്രവൃത്തിയും മനോനിലയും കൊണ്ടാണ് ഗോപിയല്ലാതാകുന്നതെന്നും മനസ്സിലാക്കാൻ ഉന്നതകുലയൊന്നും വേണ്ട. സാമാന്യബോധം മതി.
ഉന്നതകുല യൊക്കെ പറയുന്നവൻ്റെ വിവരമളക്കാൻ കേരളത്തിലെ ഒരു എം പി യുടെ ഓഫിസിന് മുന്നിലെ ബോർഡ് വായിച്ചാൽ മതി. ഉന്നതകുല ചുമക്കുന്ന ഓഫീസിൽ എല്ലാ സേവനങ്ങളും സൗജന്യമാണത്രെ! ആരും ചിരിക്കരുത്. ഉന്നത കുല താഴെ വീഴും. ഇന്ത്യാ ചരിത്രത്തിൽ ഒരു എം പി പോലും അവരുടെ സേവനത്തിന് ഫീസ് വാങ്ങിയിട്ടില്ല എന്ന് ഏതെങ്കിലും വിവരമുള്ളവർ ഉന്നതകുലയ്ക്ക് ഒന്നു പറഞ്ഞു കൊടുക്കണം. പെട്ടെന്ന് ഒന്നിച്ചു പറഞ്ഞു കൊടുക്കണ്ട. കുറേശ്ശേ കുറേശ്ശേയായി പറഞ്ഞു കൊടുത്താൽ മതി. ഒറ്റയടിക്ക് പറഞ്ഞു കൊടുത്താൽ മനസ്സിലാക്കാൻ ഉന്നതകുലയ്ക്ക് പറ്റിയെന്ന് വരില്ല. ഈ കുല ഒരു പ്രശ്നാണേ.... സൈക്യർട്രി ഡോക്ടർമാർ ബോർഡുകളിൽ സേവന സമയം ചേർക്കും പോലെ ഉന്നതകുലയുള്ള എംപിയ്ക്കും ബോർഡിൽ എംപിയായിരിക്കുന്ന സമയം ഉണ്ടാകും. പിന്നെ പരകായപ്രവേശമാണ് ലങ്കൻ സ്റ്റൈൽ. പരകായപ്രവേശത്താൽ അതുക്കും മേലേയാണ് ഉന്നതകുല കിടക്കുന്നത്.
അവസാനിപ്പിക്കും മുൻപ് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പല പഴയ താവഴി ചരിത്ര പുസ്തകങ്ങൾ ലഭ്യമാകുമോ എന്ന് അന്വേഷിക്കുക. അത്തരം ചരിത്ര പുസ്തകളിൽ കാണുന്ന ചില പ്രതീകങ്ങളുണ്ട്. മുറുക്കാൻ ചെല്ലം, ഓലക്കുട, മെതിയടി, ചൂട്ടുകറ്റ, ഓട്ടു വിളക്ക്, പായ അങ്ങനെ കുറേ പ്രതീകങ്ങൾ. അവയുടെ പൊരുൾ തിരഞ്ഞു ചെന്നാൽ തീരുന്ന അസ്കിതയേ ഉന്നത കുലകൾക്കുള്ളൂ. അതു കൊണ്ട് ഉന്നതകുലയേക്കാൾ ഒക്കെ ഭേതം അത്ര വലിയ കുലയില്ലാത്ത ദ്രാവിഡരാണ്. ഉന്നതകുല അധികം ഓർക്കാതിരിക്കുന്ന ചുറ്റും നോക്കുമ്പോഴും റേഷൻ കാർഡിൽ പേര് നോക്കുമ്പോഴും മനോവിഷമം ഉണ്ടാകാതിരിക്കാൻ ഉപകരിക്കും. അത്രയ്ക്ക് കേമമാണ് ഉദ്ധരിക്കാൻ ഉന്നതകുല തേടുന്നവരുടെ ചരിത്രം.
Even if you are the son of an emperor and not a minister, your collection will not leave you.